കുമരകം: നെഹ്റു ട്രോഫി വള്ളംകളിക്കു മുമ്പുള്ള ഞായറാഴ്ച മുത്തേരിമട നെട്ടായത്തിൽ നടക്കുന്ന പരിശീലന തുഴച്ചിൽ വള്ളംകളി പ്രേമികൾക്ക് പൂരമാണ്. ഇന്നലെ ഒരു ചുണ്ടൻവള്ളം മാത്രമേ മുത്തേരിമടയിൽ പരിശീലനത്തിന് എത്തിയുള്ളൂവെങ്കിലും ഇരുകരകളിലും വള്ളം കളി ആരാധകരുടെ നീണ്ടനിരയുണ്ടായിരുന്നു. സിനിമാ നടൻ വിജയരാഘവൻ സ്പീഡ് ബോട്ടിലെത്തി കുമരകം ടൗൺ ബോട്ട് ക്ലബ് ശ്രീവിനായകൻ ചുണ്ടനിൽ നടത്തുന്ന പരിശീലനം കണ്ടു മടങ്ങി. നാലു ചുണ്ടൻ വള്ളങ്ങളും ഒട്ടനവധി ചെറു കളിവള്ളങ്ങളും മുത്തേരിമട പുരത്തിൽ ആദ്യകാലങ്ങളിൽ പങ്കെടുത്തിരുന്നു.
കുമരകത്തുനിന്ന് ഇത്തവണ രണ്ട് ചുണ്ടൻവള്ളങ്ങളാണ് നെഹ്റു ട്രോഫിയിൽ മത്സരിക്കുന്നത്. കുമരകം ടൗൺ ബോട്ട് ക്ലബ് തുഴയുന്ന പുണ്യാളൻ നിരണം ചുണ്ടനും ഇമ്മാനുവേൽ ബോട്ട് ക്ലബ്ബിന്റെ ആർപ്പൂക്കര ചുണ്ടനും.
എന്നാൽ കെടിബിസിയുടെ പുണ്യാളൻ നിരണം ചുണ്ടൻ ഉണക്കാനായി കരയ്ക്കു കയറ്റിവച്ചിരിക്കുന്നതിനാൽ ശ്രീ വിനായകൻ ചുണ്ടനിലാണ് നിലവിൽ പരിശീലനത്തുഴച്ചിൽ നടത്തുന്നത്. കരുമാടി ജലോത്സവത്തിൽ പങ്കെടുക്കുന്നതിനും ട്രാക്ക് എൻട്രിക്കുമായി കുമരകം ഇമ്മാനുവൽ ബോട്ട് ക്ലബ് ആർപ്പൂക്കര ചുണ്ടനിൽ ആലപ്പുഴയിലേക്ക് പോയതിനാൽ മുത്തേരിമട പരിശീലനത്തിൽ പങ്കെടുക്കാനെത്തിയില്ല.